തിരുവനന്തപുരം: ദേശീയപാതകളിലെ അപകടങ്ങൾ കുറയ്ക്കാൻ ജില്ലാ അടിസ്ഥാനത്തിൽ കളക്്ടറുടെ നേതൃത്വത്തിൽ മൂന്ന് ദിവസത്തിനകം പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കാൻ നിർദേശം നൽകിയതായി പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ. ഓരോ ജില്ലയിലെയും ദേശീയപാതാ നിർമാണവും സുരക്ഷയും വിലയിരുത്തി കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് നൽകും.
തൃശൂർ, മലപ്പുറം, ആലപ്പുഴ എന്നിവിടങ്ങളിൽ അടുത്തിടെ ഉണ്ടായ വാഹനാപകടങ്ങളുടെ പശ്ചാത്തലത്തിൽ എൻഎച്ച്എഐ അധികൃതർ, പൊലിസ്, മോട്ടോർ വാഹന വകുപ്പ്, ജില്ലാ കളക്ടർമാർ എന്നിവരുടെ അടിയന്തര യോഗം മന്ത്രി വിളിച്ചുചേർത്തു. യോഗത്തിൽ അപകടങ്ങളുടെ കാരണങ്ങൾ വിലയിരുത്തുകയും ഉടൻ നടപ്പാക്കേണ്ട സുരക്ഷാ നടപടികൾ തീരുമാനിക്കുകയും ചെയ്തു.
എൻഎച്ച്-66 ഉൾപ്പടെ ദേശീയപാതകളിൽ നിർമാണത്തിലിരിക്കുന്നതും പണി പൂർത്തിയായതുമായ സ്ഥലങ്ങളിൽ വാണിംഗ് സൈനേജ്, ബാരിയർ, ലൈറ്റിംഗ്, റിഫ്ളക്ടർ എന്നിവ ഉടൻ സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. റോഡിന്റെ വശങ്ങളിൽ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് തടയാൻ കർശന നടപടി സ്വീകരിക്കും. ബ്ലാക്ക് സ്പോട്ടുകളിൽ ഹ്രസ്വകാല സുരക്ഷാ ക്രമീകരണങ്ങൾ 15 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും.
വാഹനങ്ങൾക്ക് പാർക്കിംഗ് ഉൾപ്പടെയുള്ള സൗകര്യങ്ങൾക്കായി വേ സൈഡ് അമെനിറ്റീസ് പദ്ധതികൾ നടപ്പിലാക്കും. പ്രധാന സ്ഥലങ്ങളിൽ, പ്രത്യേകിച്ച് സ്കൂൾ പരിസരങ്ങളിൽ, ഫുട് ഓവർ ബ്രിഡ്ജുകൾ പണിയും. അമിതവേഗത്തിനും തെറ്റായ പാർക്കിംഗിനുമെതിരെ നിരീക്ഷണവും പരിശോധനയും ശക്തിപ്പെടുത്തും. രാത്രിയിൽ പ്രത്യേക സ്പീഡ് ചെക്കുകളും പരിശോധനകളും നടത്തും.എൻഎച്ച്എഐയുമായും മറ്റ് വകുപ്പുകളുമായും ചേർന്ന് ജോയിന്റ് മോണിറ്ററിങ് സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.